Wednesday, September 26, 2012

വനവാസത്തിലെ വേദനകള്‍

എനിക്ക് തിരിച്ച് പോകണം...

പോയേ പറ്റൂ.....

ഒരാര്‍ത്തനാഥത്തോടെയാണ് ജെയിംസ് കിടക്കയില്‍ എഴുന്നേറ്റിരുന്നത്.

വിയര്‍ത്തുകുളിച്ച് പുറത്തേക്ക് തള്ളിയ കണ്ണുകളില്‍ മരണത്തിന്‍റെ ഭയപ്പെടുത്തുന്ന നോട്ടം ഞാന്‍ കണ്ടു. സംസാരശേഷി നഷ്ടപെട്ടപോലെയുള്ള അവന്‍റെ പെരുമാറ്റങ്ങള്‍ എന്നില്‍ ഭയം സൃഷ്ടിച്ചു. എന്താണുണ്ടായതെന്നു അവനോട് ചോദിച്ചുകൊണ്ടേ ഇരുന്നു ഞാന്‍.. അവന്‍ എന്തോ സ്വപ്നം കണ്ടിരിക്കണം, അത് മനസ്സിന് സുഖമുളവാക്കുന്ന ഒന്നായിരിക്കില്ലെന്നു അറിയാമായിരുന്നിട്ടും ഞാന്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

“എന്‍റെ അമ്മ” “എന്‍റെ അമ്മ” എന്ന് മാത്രമായിരുന്നു, അവന്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്‍റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ എന്നോട് ചോദിക്കാതെ വന്നും പോയുമിരുന്നു.

ഏ സി യുടെ കര കര ശബ്ദം എന്‍റെ ചിന്തകള്‍ക്ക്‌ താളം പിടിച്ചുകൊണ്ടു മുഴങ്ങിക്കേട്ടു. രോഗശയ്യയില്‍ നിന്നുമെഴുന്നെല്‍ക്കാത്ത ജെയിംസിന്‍റെ അമ്മ എന്‍റെ മുന്നില്‍ വന്നു നില്‍ക്കുന്നത്പോലെ. ഒരിക്കല്‍ മാത്രം ശ്രവിക്കാനിടയായ ആ അമ്മയുടെ വാക്കുകള്‍ എന്‍റെ ഹൃദയത്തില്‍ വന്നലച്ചു.

“മോനെ?

എന്തോ?”

ക്ഷീണിച്ചവശയായ ആ അമ്മ, അതില്‍ കൂടുതലൊന്നും എന്നോട് പറഞ്ഞില്ല. എങ്കിലും ആ മനസ്സെന്നോട് പറയുന്നതൊക്കെയും എന്‍റെ മനസ്സറിയുന്നുണ്ടായിരുന്നു. അവരുടെ ആ വിളിയില്‍ ഞാന്‍ ആ അമ്മയുടെ മകനായി ആ മടിയില്‍ തലവച്ചു കിടന്നപോലെയൊരനുഭൂതി..

ആരുമല്ലെങ്കിലും എനിക്കവര്‍ എന്‍റെ സ്വന്തം അമ്മയായി, അവരുടെ അസുഖങ്ങള്‍ എത്രയും വേഗം ഭേദമാകണമെന്നു ദൈവത്തോട് പ്രാര്‍ഥിക്കാന്‍ അവരുടെ “മോനെ” എന്നുള്ള ആ വിളികള്‍ തന്നെ ധാരാളം.

സ്വന്തം മകനെ കഷ്ടപെടുത്തേണ്ടിവന്നതില്‍ വിലപിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ആ അമ്മയുടെ വേദനകള്‍, എന്‍റെ ഹൃദയം ഒരു മുള്ളുവേലിയില്‍ ചെന്ന് വീണപോലെ വിറച്ചു. പിന്നെ നീറിപുകഞ്ഞുകൊണ്ടേയിരുന്നു.

അവര്‍ക്കെന്തു സംഭവിച്ചു എന്നറിയാനുള്ള അതിയായ ആകാംഷയുടെ നാളങ്ങള്‍ എന്നെ വിഴുങ്ങിക്കളഞ്ഞു.

ഒരുപക്ഷേ....

കടിഞ്ഞാണില്ലാത്ത മനസ്സിന്‍റെ അപഥസഞ്ചാരത്തിനു വിലങ്ങിട്ടുകൊണ്ട്, അവനോട് അവരെയൊന്ന് വിളിച്ചു സംസാരിക്കുവാന്‍ പറഞ്ഞുകൊണ്ട് ഞാന്‍ റൂമിന് പുറത്തേക്ക് വന്നു..

എന്നില്‍ ഭയം നിറഞ്ഞു. മനസ്സ് ഞാനറിയാതെ, എന്നെ വലിച്ചിഴച്ച് നരകവാതിലില്‍ കൊണ്ടിട്ടപ്പോലെ. അങ്ങകലെ എവിടെയോ വിലാപങ്ങള്‍ കേള്‍ക്കുന്ന പോലെ. എന്‍റെ കാതുകളില്‍ എവിടെ നിന്നോ ഒരു ചൂളം വിളി വന്നലച്ചു.

ഈയിടെയായി, മനസ്സ്‌ ആകെ പ്രക്ഷുബ്ധമായ ഒരു കടലിനെപ്പോലെ എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു. അസുഖകരമായ തിക്താനുഭവങ്ങള്‍ തികട്ടി, തികട്ടി തിരമാലകളെന്നപോലെ എന്നെ നിശബ്ധനും ക്ഷീണിതനുമാക്കിയിരിക്കുന്നു.

ജീവിതത്തിന്‍റെ എല്ലാ മേഖലയും എന്നെ അലോസരപ്പെടുത്തുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. ഒരുപാടിഷ്ടപെട്ട് തിരഞ്ഞെടുക്കുന്ന വഴികളില്‍ എല്ലായ്പ്പോഴും ഇരുള്‍ പരക്കുന്നതും, അവഗണനയുടെ ചുടുകാറ്റ്‌ വീശിയടിക്കുമ്പോള്‍ ഞാനറിയാതെ തന്നെ, പലപ്പോഴും എനിക്ക് മുന്നേ എന്‍റെ ഹൃദയം പിന്തിരിഞ്ഞു ഘാതങ്ങള്‍ താണ്ടിയെന്നറിയുമ്പോള്‍, പാതിവഴിയില്‍ ഉപേക്ഷിച്ച ആ ശ്രമത്തിനെ നോക്കി, ഒരു തണുത്ത പുഞ്ചിരി സമ്മാനിച്ച്‌, അതിനെ എകയായ്‌ ഉപേക്ഷിച്ചു തിരിച്ച് നടക്കുന്നതുമൊക്കെ ഇന്നിപ്പോള്‍ ഒരു ശീലമായിരിക്കുന്നു. തികച്ചും യാന്ത്രികമായ ഒരു ജീവിതം സമ്മാനിച്ച ഈ അവസ്ഥയില്‍ ആരുമായും ഒരു ബന്ധവും ബന്ധനങ്ങളും സൃഷ്ടിക്കുവാന്‍ എനിക്കാവുമായിരുന്നില്ല.

പക്ഷേ ജെയിംസ്.. 
അവനില്‍ ഞാന്‍ എന്നെ കാണുകയായിരുന്നു. അല്ല അവന്‍ ഞാന്‍ തന്നെ ആണ്. അല്ലെങ്കില്‍ എന്‍റെ പ്രതീകമാണ്, തികച്ചും യാധാസ്ഥികികമായതും എന്നാല്‍ സാധാരണയുമായ ചുറ്റുപാടുകളില്‍ ജീവിതചക്രം ഒറ്റയ്ക്ക് ചുമക്കുന്ന ഒരു ചെറുപ്പകാരന്‍.... 
വഞ്ചനയുടെ ലാഞ്ചന തൊട്ടു തീണ്ടിയിട്ടില്ലാത്ത, തനിക്കൊപ്പം ജീവിക്കുന്നവരെ തികച്ചും മനസ്സിലാക്കി, അവരെ വഞ്ചിക്കാന്‍ കഴിവില്ലാത്തവന്‍... ആരെയും കണ്ണുമടച്ച് വിശ്വസിക്കുന്ന ഒരു പ്രത്യേകമായ സ്വഭാവ വിശേഷണമുള്ളവന്‍, അവനൊരിക്കലും അറിഞ്ഞുകൊണ്ടാരെയും ചതിക്കുവാന്‍ സാധിക്കില്ലായിരുന്നു. വെറുക്കുവാനും.

അത് തന്നെയല്ലേ ഞാനും. എന്നിലൂടെ എന്നെ ചതിച്ചു കടന്നുപോയവരുടെ ഒരു വംശാവലി തന്നെയില്ലേ? ഉണ്ട്. ഞാന്‍ വഞ്ചിക്കപെടാത്ത ഒരു സംഭവവും ഓര്‍ക്കാന്‍ സാധിച്ചില്ല. ഈയിടെ സുന്ദരമായ മോഹന വാഗ്ദാനങ്ങള്‍ നല്‍കി എന്നെ “സഹോദരാ” എന്ന് വിളിച്ചു കൊണ്ട് പിന്നില്‍ നിന്നും കടക്കെണിയുടെ കഠാര കുത്തിയിറക്കി കടന്നുപോയ വ്യക്തിയുടെ മുഖം എന്നില്‍ നിറഞ്ഞു. വേണ്ടപെട്ടവരുടെ മുന്നില്‍ എന്നെ വാക്കുകള്‍ പാലിക്കാത്ത നികൃഷ്ടനാക്കിയപ്പോഴും അയാളെ ഞാന്‍ വെറുത്തിരുന്നില്ല. എല്ലാം എനിക്ക് വരാനുള്ളതും ഞാന്‍ അഭിമുഖീകരിക്കേണ്ടതുമാണെന്ന് കരുതി സമാധാനിക്കുവാന്‍ “അമ്മ”യെന്നെ പഠിപ്പിച്ചിരുന്നു.

എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയില്‍ മുഴുവനും മനസ്സില്‍ ജെയിംസിന്‍റെ അമ്മയുടെ “മകനെ” എന്നുള്ള വിളിയായിരുന്നു. ഇനി ഒരിക്കലും അവരെ കാണാനാകില്ലെന്നുമോര്‍ത്തപ്പോള്‍‍ കണ്‍കോണിലൂടെ ഒഴുകി ഇറങ്ങിയ പൊള്ളുന്ന നീര്‍ത്തുള്ളികള്‍ അവന്‍ കാണാതിരിക്കാന്‍ പ്രയാസപ്പെട്ടു. നിശബ്ദനായ ജെയിംസിന്‍റെ മനസ്സിനെ തൊട്ടറിയാന്‍ എനിക്കാവുന്നുണ്ടായിരുന്നു. ചില വ്യക്തികളുടെ മാത്രം പ്രത്യേകതകള്‍, ദുഖം മനസ്സില്‍ അടക്കി നിര്‍ത്തുന്നവര്‍, അവരൊരിക്കലും കരയില്ല. പക്ഷേ ദുഖം പ്രകടിപ്പിക്കുന്നവരേക്കാള്‍ അവരുടെ മനസ്സിനുള്ളിലെ വേദനകള്‍ക്കാഴവും വ്യാപ്തിയും അതിലുണ്ടാക്കുന്ന മുറിവുകള്‍ ഒരിക്കലും ഉണങ്ങുകയില്ലെന്നതും പണ്ടെവിടെയോ വായിച്ചതോര്‍മ്മ വരുന്നു.

ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അവന്‍റെ അമ്മ മരിക്കുമ്പോള്‍ ആയിരുന്നിരിക്കണം അവന്‍ ഉണര്‍ന്നത്‌... മനസ്സിന് സംസാരിക്കുവാനും, ആശയങ്ങള്‍ കൈമാറുവാനും ഒരു “ഇന്‍റര്‍നെറ്റ് / മൊബൈല്‍” കണക്ഷനും ആവശ്യമില്ലായെന്നത് വളരെ വ്യക്തമായി വീണ്ടും തെളിയിക്കപെട്ടു കഴിഞ്ഞു.

ജെയിംസിനെ വിട്ട്‌ തിരിച്ച് ശൂന്യമായ മനസ്സോടെ റൂമില്‍ വന്നു കയറുമ്പോഴും “മോനെ” എന്നുള്ള അവന്‍റെ അല്ല എന്‍റെ അമ്മയുടെ വിളികള്‍ മനസ്സില്‍ കാതില്‍ വന്നു വീണുകൊണ്ടേ ഇരുന്നു.

ട്രാവല്‍സ് ഏജെന്‍സിയില്‍ വിളിച്ച് ജബ്ബാറിക്കയോട് നാളെ പോകാന്‍ അത്യാവശ്യമായി ഒരു ടിക്കറ്റ് വേണമെന്ന് പറഞ്ഞു. കാര്യവും കാരണവും നിശബ്ദമായി അവതരിപ്പിച്ചു. ടിക്കറ്റ്‌ നാളെ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ കൊണ്ട് തരാമെന്ന് പറഞ്ഞു ഫോണ്‍ വച്ചു.

നിശബ്ദമായി ഡ്രസ്സുകളും മറ്റും ഒരു ബാഗിലാക്കുമ്പോള്‍ അകലെ ചീവീടുകള്‍ കരയുന്ന, തവളകളുടെ സംഗീതം നിറയുന്ന, സന്ധ്യയായാല്‍ ഈയാം പാറ്റകള്‍ വിളക്കിനു ചുറ്റും കൊഴിഞ്ഞു വീഴുന്ന എന്‍റെ വീടിനു മുന്നില്‍ എന്നെ കാത്തിരിക്കുന്ന അമ്മയായിരുന്നു മനസ്സ് നിറയെ.

അമ്മയെ കാണണം. അമ്മയെ നഷ്ടപെടുവാനാവില്ല.

പ്രവാസത്തിന്‍റെ ദുഖങ്ങളും തിക്കുമുട്ടലുകളും, സാമ്പത്തിക തകര്‍ച്ചയുടെ വേദന, നഷ്ടബോധം സദാ കളിയാടുന്ന ഒരു പ്രേമബന്ധം, വര്‍ഷങ്ങളായി വീടും, വീട്ടുകാരും കൈയ്യകലത്തില്‍ നിന്നും ദൂരത്തിലെക്ക് പോയതിന്‍റെ നിശബ്ദ സങ്കടങ്ങള്‍, കടമകള്‍ സ്വയം മറന്ന മനസ്സിന്‍റെ അഹമ്മതി, മനോവിഷമങ്ങളെ കപടമായ പ്രസന്നത കൊണ്ട് മറയ്ക്കാന്‍ നടത്തുന്ന പരിശ്രമങ്ങളുടെ പരാജയങ്ങള്‍ ഇവയെല്ലാം മനസ്സില്‍ നടത്തുന്ന പിടിവലികളില്‍ മുറിഞ്ഞു വേദനിക്കുന്ന മനസ്സുമായി ഞാന്‍ ഉറങ്ങുവാന്‍ കിടന്നു.

നാടിന്‍റെയും വീടിന്‍റെയും സ്വപ്നങ്ങളുമായി........
*********************************************************************************

Saturday, September 1, 2012

ഒരുനാള്‍..

സമയം പുലര്‍ച്ച അഞ്ചര മണി.

അയാള്‍ എഴുന്നേറ്റു പുറത്തേയ്ക്ക് വന്നു.

റൂമിനു പുറത്ത്‌ അസഹ്യമായ ചൂട് ദേഹത്ത് തട്ടിയപ്പോള്‍ തിരികെ മുറിയ്ക്കകത്തെക്ക്‌ പോകാന്‍ തുനിഞ്ഞെങ്കിലും ജോലിയും ഓഫീസും മറ്റും നിമിഷവേഗത്തില്‍ മനസിലൂടെ മിന്നിമാഞ്ഞപ്പോള്‍ ദിനേശ്‌ പതിയെ ആ ശ്രമത്തില്‍ നിന്ന് പിന്തിരിഞ്ഞ് കുളിമുറിയിലേക്കോടി.

അകത്ത് വെള്ളം വീഴുന്ന ശബ്ദം.
ആരായിരിക്കുമോ എന്തോ?

ഉടനെ തിരിച്ചു വന്ന് പുറത്തു കിടക്കുന്ന ചെരുപ്പുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒടുവില്‍ നീല നിറത്തിലുള്ള ഒരു ചെരുപ്പ്‌ മാത്രം കാണാതായപ്പോള്‍ ദിനേശിന് ആളെ പിടികിട്ടി.

ആ കുഴപ്പമില്ല. പെട്ടെന്ന് തന്നെ ഇറങ്ങിക്കോളും. ജീവിതത്തില്‍ അത്രയധികം പ്രയാസങ്ങള്‍ അനുഭവിക്കാത്ത വ്യക്തി, എന്ന് താന്‍ കരുതുന്ന രമേഷാണത്.

രമേഷ്, തന്‍റെ സഹമുറിയന്‍, കട്ടിലും കിടക്കയും മറ്റും സാമാനങ്ങളും വാരികെട്ടി ആദ്യം തന്‍റെ മുറിയിലേക്ക്‌ വന്ന് കയറി വന്നതയാള്‍ ഓര്‍ത്തു.
ജീവിതത്തില്‍ ഇന്ന് വരെ ഒന്നിനെപറ്റിയും വ്യാകുലപ്പെടാത്ത പരാതി പറയാത്ത ഒരു വ്യക്തി. അയാള്‍ക്ക് ‌ എന്തിനും ഏതിനും അയാളുടെതായ കാരണങ്ങളും നിയമങ്ങളും ഉണ്ടായിരുന്നു. അങ്ങനെ അയാള്‍ ചെയ്യുന്ന എല്ലാ കാര്യത്തിനും അയാള്‍ക്ക് ‌ ന്യായീകരണങ്ങളും ഉണ്ടായിരുന്നു. എന്തുകൊണ്ടോ മറ്റുള്ളവരേക്കാള്‍ ഒരു പ്രത്യേക ഇഷ്ടം തനിക്കയാളോട് ഉണ്ടായിരുന്നു.

ഒരുപക്ഷേ തനിക്ക്‌ ചെയ്യാന്‍ സാധിക്കാത്തത് അയാള്‍ നിഷ്പ്രയാസം ചെയ്യുന്നത് കൊണ്ടായിരിക്കാം. ഭാര്യയുടെയും പിന്നെ മകളുടെയും പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും നടുവില്‍ ടെന്‍ഷനില്‍ തീര്‍ന്നു പോയ തന്‍റെ ജീവിതവും, അവയെല്ലാം കാറ്റില്‍ പറത്തികൊണ്ടുള്ള രമേഷിന്‍റെയും ജീവിതവും തമ്മില്‍ താരതമ്യം ചെയ്യുക എന്നത് ദിനേശിന് ഒരു ഹോബി ആയിരുന്നു.

രമേഷിറങ്ങി.. ഇനി തന്‍റെ ഊഴം... സ്വപ്നം കണ്ടിരുന്നാല്‍ കുളിമുറിയുടെ വാതില്‍ വീണ്ടും അടയും. പിന്നെയും ദിവാസ്വപ്നങ്ങള്‍ കാണുവാന്‍ സമയം ലഭിച്ചെന്നിരിക്കും. പക്ഷെ തന്‍റെ ശമ്പളം, അതാര് തരും?
അതിനു വേണ്ടി ആണല്ലോ ഇവിടെ കിടന്നു കസര്‍ത്ത്‌ കാണിക്കുന്നത്. പ്രഭാത കൃത്യങ്ങള്‍ക്കായി ദിനേശ്‌ കുളിമുറിയിലേക്ക് കയറി.
സമയം ആറര.

ഹൈവേയില്‍ വാഹനങ്ങള്‍ ചീറിപായുന്നു. എന്തൊരു തിരക്ക്‌? എന്നും ഇത്രമാത്രം തിരക്കിട്ട് ആളുകള്‍ എങ്ങോട്ട് പോകുന്നു? എല്ലാ നിരത്തുകളും വാഹനങ്ങളെയും, ജനങ്ങളെയും കൊണ്ട് നിറഞ്ഞുകിടക്കുന്നു. ദിനം പ്രതി ആളുകളുടെയും നിരത്തിലോടുന്ന വാഹനങ്ങളുടെയും എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ച ഉണ്ടാകുന്നു.

ഒരു നിമിഷം സിഗ്നല്‍ ലൈറ്റ്‌ ചുവന്ന അപായ ചിഹ്നം കാണിച്ചു. ചീറിപാഞ്ഞുവന്ന വാഹനങ്ങള്‍ എല്ലാം സിഗ്നലിനു താഴെ വന്ന് നിന്ന്. പച്ച വെളിച്ചം തനിക്ക് നേരെ കത്തിയപ്പോള്‍ ദിനേശ്‌ പതിയെ നടന്നു. റോഡിന്‍റെ മറുവശത്ത് ഇനിയും കാത്തു നിന്നാലേ തനിക്ക്‌ പോകാനുള്ള വണ്ടി വരൂ. അയാള്‍ അസ്വസ്ഥനായികൊണ്ട് വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്തു. മറുതലയ്ക്കല്‍ ഭാര്യയുടെ ശബ്ദം അതിനു ശേഷം അമ്മയുടെ, പിന്നെ അച്ഛന്‍ ഏറ്റവുമൊടുവില്‍ മകള്‍ അങ്ങനെ അവരോടെല്ലാം സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ അയാളുടെ വണ്ടി വന്നു.

ഫോണ്‍ സംസാരം നിര്‍ത്തി അയാള്‍ വണ്ടിയിലേക്ക് കയറി. വണ്ടി അയാള്‍ നിന്ന സ്ഥലത്തെയും ചുറ്റുമുള്ള എല്ലാത്തിനെയും പുറകിലാക്കികൊണ്ട് മുന്‍പോട്ട് പാഞ്ഞു. ഈ നഗരത്തില്‍ നിന്നും ദൂരെ അങ്ങകലെ വിജനമായ ഭൂമിയില്‍ നിരവധി കമ്പനികള്‍ സ്ഥിതി ചെയ്യുന്ന വ്യവസായ ശാലയുടെ നിഗൂഢതകളിലേക്ക്....
വര്‍ഷങ്ങളായി ഈ നഗരം കാണുന്നതാണ്. ഈ ബഹളങ്ങള്‍., ആയിരമായിരം ജനങ്ങള്‍ ദിവസവും മണിക്കൂറുകളോളം വാഹനത്തില്‍ ജീവിതം കഴിച്ചുകൂട്ടുന്നവര്‍........

ഓഫീസിലെ 'ദിനേശ്‌' 'ദിനേശ്‌' എന്ന മേലുദ്യോഗസ്ഥന്‍റെ വിളികള്‍ അയാളെ ഭ്രാന്ത് പിടിപ്പിക്കുകയായിരുന്നു. എങ്ങനെയെങ്കിലും അഞ്ചു മണി ഒന്നായികിട്ടാന്‍ വേണ്ടി അയാള്‍ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരുപ്പിനും വേദന കൂട്ടുവാന്‍ വേണ്ടി പുതിയൊരു നിയമം കമ്പനിയില്‍ നിലവില്‍ വന്നു. ജോലി സമയം നാല്‍പ്പത്തഞ്ച് മിനിറ്റ് നേരം കൂടി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള പുതിയ വിളംബരം തന്‍റെ മുന്നില്‍ ഇരിക്കുന്ന മോണിട്ടറില്‍ തന്നെ നോക്കി പല്ലിളിച്ച പോലെ തോന്നി ദിനേശിന്.

എല്ലാം വിധി ആണെന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചു അയാള്‍....

എല്ലാ ബഹളങ്ങള്‍ക്കുമൊടുവില്‍ അവശാനായി അതെ റൂമില്‍ വന്നു കയറുമ്പോള്‍, മേലാസകലം പൊടിയും, സിമെന്‍റും നിറഞ്ഞ ശരീരവുമായി മൂളിപാട്ടും പാടി വരുന്ന രമേഷ് അയാളെ അത്ഭുതപെടുത്തും.

എ. സി ഓഫീസിനുള്ളില്‍ ആണെങ്കില്‍ കൂടി ജോലികള്‍ ചെയ്തു ക്ഷീണിച്ചു കൊണ്ട് താന്‍ വന്നു കയറുമ്പോള്‍, പുറത്ത്‌ ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്നുകൊണ്ട് പകലന്തിയോളം ജോലി ചെയ്തിട്ടും, ചുറുചുറുക്കും ഉഷാറും നഷ്ടപെടാതെ, പ്രസന്നമായ മുഖത്തോട് കൂടി വരുന്ന രമേഷ്. തീര്‍ന്നില്ല ഇനി രാത്രി പതിനൊന്ന് മണി വരെ വാ തോരാതെയുള്ള സംസാരങ്ങള്‍. അതും രമേഷിന്‍റെ തന്നെ. ലോകത്തിനു താഴെ ഉള്ള എന്തിനെപറ്റിയും വാ തോരാതെ സംസാരിക്കും അയാള്‍...

തനിക്കുള്ള അറിവിനെക്കാള്‍ പതിന്മടങ്ങ് അയാള്‍ക്കുണ്ടെന്നു വ്യക്തമാക്കുന്ന സംസാരം. താന്‍ അതൊക്കെ മൂളി കേള്‍ക്കുകയും വളരെ കുറച്ചു മാത്രം സംസാരിക്കുകയും ചെയ്യുമ്പോള്‍ ആശ്ചര്യത്തോടെ നോക്കുന്ന രമേഷ്.

അലസനായി ടിവി നോക്കി കിടക്കുന്ന തനിക്കും കൂടി വേണ്ടി ആഹാരം പാകം ചെയ്തു പാത്രം കഴുകി ഭക്ഷണം കഴിക്കാനായി വിളിക്കുന്ന രമേഷ്.
എന്താണയാളില്‍ പ്രത്യേകമായുള്ളത്?
എങ്ങനെ ആണയാള്‍ ഇത്രയും ഊര്‍ജ്വസ്വലനായി ഇരിക്കുന്നത്?

ചോദ്യശരങ്ങള്‍ മനസ്സില്‍ എയ്തു തറഞ്ഞുകൊണ്ടിരിക്കുമ്പോഴും രമേഷ് പറഞ്ഞു, “ദിനേശ്‌ നമുക്ക്‌ ഈ ആഴ്ച ബീച്ചിലൊക്കെ ഒന്ന് പോകണം. ഒന്ന് നീന്തി കുളിക്കണം. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുന്നുണ്ടോ എന്നൊരു സംശയം!!!!".

അയാള്‍ പറഞ്ഞത് കേട്ടുകൊണ്ട് ദിനേശ്‌ തന്‍റെ ശരീരത്തിലേക്കൊന്നു നോക്കി, വയര്‍ വീര്‍ത്തു വീര്‍ത്ത് ഒന്‍പത് മാസം ഗര്‍ഭിണിയായ സ്ത്രീയുടെതുപോലായിരിക്കുന്നു. കൈ കാലുകള്‍ക്കൊന്നും ഒരു ബലവുമില്ല. രമേശാകട്ടെ വളരെ ആരോഗ്യദൃഢഗാത്രന്‍.......... 
തന്‍റെ മേശയ്ക്കു മുകളില്‍ ഇരിക്കുന്ന മരുന്ന് കുപ്പികളിലെക്ക് അറിയാതെ നോക്കിപ്പോയി ദിനേശ്...
ഇത്രയധികം മരുന്നുകള്‍ താന്‍ കഴിക്കുകയും, മാസാമാസം ചെക്കപ്പും മറ്റും ചെയ്തിട്ടും മോചനമില്ലാതെ കൊളസ്ട്രോള്‍ ഒരു നാള്‍ തന്‍റെ ഹൃദയം സ്തംഭിപ്പിക്കും എന്നറിഞ്ഞിട്ടും, അലസ്സനായി ജീവിക്കുന്ന തന്നെക്കാള്‍ രമേഷിനുള്ള പ്രത്യേകത അയാള്‍ക്ക് ‌ മനസ്സിലാകുകയായിരുന്നു.

ആ ചുറുചുറുക്കും പ്രസരിപ്പും തന്നെ ആണ് രമേഷിനെ തന്നില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും അകറ്റി നിര്‍ത്തുന്ന മഹാപ്രതിഭാസം എന്ന് ദിനേശ്‌ സ്വയം തിരിച്ചറിയുകയായിരുന്നു.

നാളെ മുതല്‍ ഞാനും ഇതുപോലൊക്കെ പ്രസരിപ്പോടെ ജീവിക്കും.
വീര്‍ത്തുന്തിയ വയറിനെ ഞാന്‍ സിക്സ് പാക്ക്‌ ആക്കും. ജിമ്മില്‍ പോകണം. എന്നും വൈകുന്നേരം നടക്കണം എന്നൊക്കെ തീരുമാനിച്ചുകൊണ്ട് ദിനേശ്‌ ഉറങ്ങാന്‍ കിടന്നു.

ഉറങ്ങും മുന്‍പ്‌ എവിടെയോ നിന്നോ ഒരശരീരി പോലെ അയാള്‍ കേട്ടു...

"നാളെ അന്തരീക്ഷം ചൂടായിരിക്കും.. സൂര്യന്‍ നിന്ന് ജ്വലിക്കും.. നമുക്ക്‌ തീരുമാനങ്ങള്‍ മറ്റന്നാള്‍ മുതല്‍ പ്രാവര്‍ത്തികമാക്കാം...
മറ്റന്നാള്‍ ഒന്നാം തീയതി കൂടി ആണ്. ഒരു പുതു മാസത്തിന്‍റെ പിറവി. അന്നുമുതല്‍ നമുക്കാരംഭിക്കാം പുതിയ ജീവിത ശൈലികള്‍""///.!!!"""
ആ അശരീരി വചനങ്ങള്‍ മനസ്സില്‍ സ്വീകരിച്ചുകൊണ്ടയാള്‍ നിദ്രയിലേക്ക് വഴുതി വീണു. ഒരിക്കലും തന്‍റെ അലസത തന്നില്‍ നിന്നും വിട്ടുപോകില്ലെന്നറിഞ്ഞുകൊണ്ട് തന്നെ.

അപ്പോഴും രമേശ്‌ ഉത്സാഹവാനായി തന്‍റെ ചില ചില്ലറ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു....

Tuesday, August 14, 2012

ഭാരതീയം


ഞാന്‍ വെറുക്കുന്നു ഈ (അ)സ്വാതന്ത്ര്യ ദിനത്തെയും ഇതിന്‍റെ പിന്നില്‍ പേക്കൂത്ത് നടത്തുന്ന ആഘോഷച്ചടങ്ങുകളെയും....

ബ്രിട്ടീഷ്കാര്‍ക്ക് പിന്നാലെ വീണ്ടും പാരതന്ത്ര്യത്തിന്‍റെ ഇരുട്ടറകളില്‍ ജീവിതം ഹോമിക്കപെട്ട അറുപത്തിയാറ് വര്‍ഷങ്ങള്‍.!!!..

സ്വാതന്ത്ര്യം എന്നുല്‍ഘോഷിച്ചുകൊണ്ട് ഭാരതീയ ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്താണ്?
ഇനിയും സത്യങ്ങള്‍ മനസ്സിലാക്കുവാനുള്ള പ്രായോഗിക ബുദ്ധി മരവിച്ചവരാണോ ഇന്ത്യയിലുള്ള സകലമാന ജനങ്ങളും??

അതോ സ്വന്തം സ്വാതന്ത്ര്യത്തിന്‍റെ വാര്‍ഷികമാണോ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയും, മിഠായി വിതരണം ചെയ്തും ഓരോരുത്തരും കൊണ്ടാടുന്നത്?


ഇരുപത്തി മൂന്നാം വയസ്സില്‍ ഇന്ത്യക്കുവേണ്ടി പോരാടി മരിച്ച ഭാഗത് സിംഗും, ഗാന്ധിജി, അംബേദ്കർ  തുടങ്ങിയവര്‍ സ്വജീവന്‍ ത്യചിച്ച് നേടിത്തന്ന സ്വാതന്ത്ര്യം ഇതാണോ??
ഇതിനു വേണ്ടിയായിരുന്നോ എല്ലും തോലുമായ ആ മനുഷ്യന്‍ സമരങ്ങളും പ്രസ്ഥാനങ്ങളും രൂപീകരിച്ചത്‌??

നരകയാതന അനുഭവിച്ച് വീരചരമമടഞ്ഞ സ്വാതന്ത്ര്യ സമര സേനാനികളെ മാപ്പ്...

നിങ്ങള്‍ കാണിച്ച ധൈര്യവും, സന്നദ്ധതയും, ആത്മവിശ്വാസവുമെല്ലാം എന്‍റെ ചിന്തകള്‍ക്കതീതമാണ് എന്ന സത്യം ഞാന്‍ നിരാശയോടെ മനസ്സിലാക്കുന്നു.

നിസ്സഹായന്‍.. എന്ന വാക്കിന്‍റെ അര്‍ഥം ഞാന്‍ മനസ്സിലാക്കുന്നു...