Wednesday, September 26, 2012

വനവാസത്തിലെ വേദനകള്‍

എനിക്ക് തിരിച്ച് പോകണം...

പോയേ പറ്റൂ.....

ഒരാര്‍ത്തനാഥത്തോടെയാണ് ജെയിംസ് കിടക്കയില്‍ എഴുന്നേറ്റിരുന്നത്.

വിയര്‍ത്തുകുളിച്ച് പുറത്തേക്ക് തള്ളിയ കണ്ണുകളില്‍ മരണത്തിന്‍റെ ഭയപ്പെടുത്തുന്ന നോട്ടം ഞാന്‍ കണ്ടു. സംസാരശേഷി നഷ്ടപെട്ടപോലെയുള്ള അവന്‍റെ പെരുമാറ്റങ്ങള്‍ എന്നില്‍ ഭയം സൃഷ്ടിച്ചു. എന്താണുണ്ടായതെന്നു അവനോട് ചോദിച്ചുകൊണ്ടേ ഇരുന്നു ഞാന്‍.. അവന്‍ എന്തോ സ്വപ്നം കണ്ടിരിക്കണം, അത് മനസ്സിന് സുഖമുളവാക്കുന്ന ഒന്നായിരിക്കില്ലെന്നു അറിയാമായിരുന്നിട്ടും ഞാന്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

“എന്‍റെ അമ്മ” “എന്‍റെ അമ്മ” എന്ന് മാത്രമായിരുന്നു, അവന്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്‍റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ എന്നോട് ചോദിക്കാതെ വന്നും പോയുമിരുന്നു.

ഏ സി യുടെ കര കര ശബ്ദം എന്‍റെ ചിന്തകള്‍ക്ക്‌ താളം പിടിച്ചുകൊണ്ടു മുഴങ്ങിക്കേട്ടു. രോഗശയ്യയില്‍ നിന്നുമെഴുന്നെല്‍ക്കാത്ത ജെയിംസിന്‍റെ അമ്മ എന്‍റെ മുന്നില്‍ വന്നു നില്‍ക്കുന്നത്പോലെ. ഒരിക്കല്‍ മാത്രം ശ്രവിക്കാനിടയായ ആ അമ്മയുടെ വാക്കുകള്‍ എന്‍റെ ഹൃദയത്തില്‍ വന്നലച്ചു.

“മോനെ?

എന്തോ?”

ക്ഷീണിച്ചവശയായ ആ അമ്മ, അതില്‍ കൂടുതലൊന്നും എന്നോട് പറഞ്ഞില്ല. എങ്കിലും ആ മനസ്സെന്നോട് പറയുന്നതൊക്കെയും എന്‍റെ മനസ്സറിയുന്നുണ്ടായിരുന്നു. അവരുടെ ആ വിളിയില്‍ ഞാന്‍ ആ അമ്മയുടെ മകനായി ആ മടിയില്‍ തലവച്ചു കിടന്നപോലെയൊരനുഭൂതി..

ആരുമല്ലെങ്കിലും എനിക്കവര്‍ എന്‍റെ സ്വന്തം അമ്മയായി, അവരുടെ അസുഖങ്ങള്‍ എത്രയും വേഗം ഭേദമാകണമെന്നു ദൈവത്തോട് പ്രാര്‍ഥിക്കാന്‍ അവരുടെ “മോനെ” എന്നുള്ള ആ വിളികള്‍ തന്നെ ധാരാളം.

സ്വന്തം മകനെ കഷ്ടപെടുത്തേണ്ടിവന്നതില്‍ വിലപിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ആ അമ്മയുടെ വേദനകള്‍, എന്‍റെ ഹൃദയം ഒരു മുള്ളുവേലിയില്‍ ചെന്ന് വീണപോലെ വിറച്ചു. പിന്നെ നീറിപുകഞ്ഞുകൊണ്ടേയിരുന്നു.

അവര്‍ക്കെന്തു സംഭവിച്ചു എന്നറിയാനുള്ള അതിയായ ആകാംഷയുടെ നാളങ്ങള്‍ എന്നെ വിഴുങ്ങിക്കളഞ്ഞു.

ഒരുപക്ഷേ....

കടിഞ്ഞാണില്ലാത്ത മനസ്സിന്‍റെ അപഥസഞ്ചാരത്തിനു വിലങ്ങിട്ടുകൊണ്ട്, അവനോട് അവരെയൊന്ന് വിളിച്ചു സംസാരിക്കുവാന്‍ പറഞ്ഞുകൊണ്ട് ഞാന്‍ റൂമിന് പുറത്തേക്ക് വന്നു..

എന്നില്‍ ഭയം നിറഞ്ഞു. മനസ്സ് ഞാനറിയാതെ, എന്നെ വലിച്ചിഴച്ച് നരകവാതിലില്‍ കൊണ്ടിട്ടപ്പോലെ. അങ്ങകലെ എവിടെയോ വിലാപങ്ങള്‍ കേള്‍ക്കുന്ന പോലെ. എന്‍റെ കാതുകളില്‍ എവിടെ നിന്നോ ഒരു ചൂളം വിളി വന്നലച്ചു.

ഈയിടെയായി, മനസ്സ്‌ ആകെ പ്രക്ഷുബ്ധമായ ഒരു കടലിനെപ്പോലെ എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു. അസുഖകരമായ തിക്താനുഭവങ്ങള്‍ തികട്ടി, തികട്ടി തിരമാലകളെന്നപോലെ എന്നെ നിശബ്ധനും ക്ഷീണിതനുമാക്കിയിരിക്കുന്നു.

ജീവിതത്തിന്‍റെ എല്ലാ മേഖലയും എന്നെ അലോസരപ്പെടുത്തുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. ഒരുപാടിഷ്ടപെട്ട് തിരഞ്ഞെടുക്കുന്ന വഴികളില്‍ എല്ലായ്പ്പോഴും ഇരുള്‍ പരക്കുന്നതും, അവഗണനയുടെ ചുടുകാറ്റ്‌ വീശിയടിക്കുമ്പോള്‍ ഞാനറിയാതെ തന്നെ, പലപ്പോഴും എനിക്ക് മുന്നേ എന്‍റെ ഹൃദയം പിന്തിരിഞ്ഞു ഘാതങ്ങള്‍ താണ്ടിയെന്നറിയുമ്പോള്‍, പാതിവഴിയില്‍ ഉപേക്ഷിച്ച ആ ശ്രമത്തിനെ നോക്കി, ഒരു തണുത്ത പുഞ്ചിരി സമ്മാനിച്ച്‌, അതിനെ എകയായ്‌ ഉപേക്ഷിച്ചു തിരിച്ച് നടക്കുന്നതുമൊക്കെ ഇന്നിപ്പോള്‍ ഒരു ശീലമായിരിക്കുന്നു. തികച്ചും യാന്ത്രികമായ ഒരു ജീവിതം സമ്മാനിച്ച ഈ അവസ്ഥയില്‍ ആരുമായും ഒരു ബന്ധവും ബന്ധനങ്ങളും സൃഷ്ടിക്കുവാന്‍ എനിക്കാവുമായിരുന്നില്ല.

പക്ഷേ ജെയിംസ്.. 
അവനില്‍ ഞാന്‍ എന്നെ കാണുകയായിരുന്നു. അല്ല അവന്‍ ഞാന്‍ തന്നെ ആണ്. അല്ലെങ്കില്‍ എന്‍റെ പ്രതീകമാണ്, തികച്ചും യാധാസ്ഥികികമായതും എന്നാല്‍ സാധാരണയുമായ ചുറ്റുപാടുകളില്‍ ജീവിതചക്രം ഒറ്റയ്ക്ക് ചുമക്കുന്ന ഒരു ചെറുപ്പകാരന്‍.... 
വഞ്ചനയുടെ ലാഞ്ചന തൊട്ടു തീണ്ടിയിട്ടില്ലാത്ത, തനിക്കൊപ്പം ജീവിക്കുന്നവരെ തികച്ചും മനസ്സിലാക്കി, അവരെ വഞ്ചിക്കാന്‍ കഴിവില്ലാത്തവന്‍... ആരെയും കണ്ണുമടച്ച് വിശ്വസിക്കുന്ന ഒരു പ്രത്യേകമായ സ്വഭാവ വിശേഷണമുള്ളവന്‍, അവനൊരിക്കലും അറിഞ്ഞുകൊണ്ടാരെയും ചതിക്കുവാന്‍ സാധിക്കില്ലായിരുന്നു. വെറുക്കുവാനും.

അത് തന്നെയല്ലേ ഞാനും. എന്നിലൂടെ എന്നെ ചതിച്ചു കടന്നുപോയവരുടെ ഒരു വംശാവലി തന്നെയില്ലേ? ഉണ്ട്. ഞാന്‍ വഞ്ചിക്കപെടാത്ത ഒരു സംഭവവും ഓര്‍ക്കാന്‍ സാധിച്ചില്ല. ഈയിടെ സുന്ദരമായ മോഹന വാഗ്ദാനങ്ങള്‍ നല്‍കി എന്നെ “സഹോദരാ” എന്ന് വിളിച്ചു കൊണ്ട് പിന്നില്‍ നിന്നും കടക്കെണിയുടെ കഠാര കുത്തിയിറക്കി കടന്നുപോയ വ്യക്തിയുടെ മുഖം എന്നില്‍ നിറഞ്ഞു. വേണ്ടപെട്ടവരുടെ മുന്നില്‍ എന്നെ വാക്കുകള്‍ പാലിക്കാത്ത നികൃഷ്ടനാക്കിയപ്പോഴും അയാളെ ഞാന്‍ വെറുത്തിരുന്നില്ല. എല്ലാം എനിക്ക് വരാനുള്ളതും ഞാന്‍ അഭിമുഖീകരിക്കേണ്ടതുമാണെന്ന് കരുതി സമാധാനിക്കുവാന്‍ “അമ്മ”യെന്നെ പഠിപ്പിച്ചിരുന്നു.

എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയില്‍ മുഴുവനും മനസ്സില്‍ ജെയിംസിന്‍റെ അമ്മയുടെ “മകനെ” എന്നുള്ള വിളിയായിരുന്നു. ഇനി ഒരിക്കലും അവരെ കാണാനാകില്ലെന്നുമോര്‍ത്തപ്പോള്‍‍ കണ്‍കോണിലൂടെ ഒഴുകി ഇറങ്ങിയ പൊള്ളുന്ന നീര്‍ത്തുള്ളികള്‍ അവന്‍ കാണാതിരിക്കാന്‍ പ്രയാസപ്പെട്ടു. നിശബ്ദനായ ജെയിംസിന്‍റെ മനസ്സിനെ തൊട്ടറിയാന്‍ എനിക്കാവുന്നുണ്ടായിരുന്നു. ചില വ്യക്തികളുടെ മാത്രം പ്രത്യേകതകള്‍, ദുഖം മനസ്സില്‍ അടക്കി നിര്‍ത്തുന്നവര്‍, അവരൊരിക്കലും കരയില്ല. പക്ഷേ ദുഖം പ്രകടിപ്പിക്കുന്നവരേക്കാള്‍ അവരുടെ മനസ്സിനുള്ളിലെ വേദനകള്‍ക്കാഴവും വ്യാപ്തിയും അതിലുണ്ടാക്കുന്ന മുറിവുകള്‍ ഒരിക്കലും ഉണങ്ങുകയില്ലെന്നതും പണ്ടെവിടെയോ വായിച്ചതോര്‍മ്മ വരുന്നു.

ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അവന്‍റെ അമ്മ മരിക്കുമ്പോള്‍ ആയിരുന്നിരിക്കണം അവന്‍ ഉണര്‍ന്നത്‌... മനസ്സിന് സംസാരിക്കുവാനും, ആശയങ്ങള്‍ കൈമാറുവാനും ഒരു “ഇന്‍റര്‍നെറ്റ് / മൊബൈല്‍” കണക്ഷനും ആവശ്യമില്ലായെന്നത് വളരെ വ്യക്തമായി വീണ്ടും തെളിയിക്കപെട്ടു കഴിഞ്ഞു.

ജെയിംസിനെ വിട്ട്‌ തിരിച്ച് ശൂന്യമായ മനസ്സോടെ റൂമില്‍ വന്നു കയറുമ്പോഴും “മോനെ” എന്നുള്ള അവന്‍റെ അല്ല എന്‍റെ അമ്മയുടെ വിളികള്‍ മനസ്സില്‍ കാതില്‍ വന്നു വീണുകൊണ്ടേ ഇരുന്നു.

ട്രാവല്‍സ് ഏജെന്‍സിയില്‍ വിളിച്ച് ജബ്ബാറിക്കയോട് നാളെ പോകാന്‍ അത്യാവശ്യമായി ഒരു ടിക്കറ്റ് വേണമെന്ന് പറഞ്ഞു. കാര്യവും കാരണവും നിശബ്ദമായി അവതരിപ്പിച്ചു. ടിക്കറ്റ്‌ നാളെ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ കൊണ്ട് തരാമെന്ന് പറഞ്ഞു ഫോണ്‍ വച്ചു.

നിശബ്ദമായി ഡ്രസ്സുകളും മറ്റും ഒരു ബാഗിലാക്കുമ്പോള്‍ അകലെ ചീവീടുകള്‍ കരയുന്ന, തവളകളുടെ സംഗീതം നിറയുന്ന, സന്ധ്യയായാല്‍ ഈയാം പാറ്റകള്‍ വിളക്കിനു ചുറ്റും കൊഴിഞ്ഞു വീഴുന്ന എന്‍റെ വീടിനു മുന്നില്‍ എന്നെ കാത്തിരിക്കുന്ന അമ്മയായിരുന്നു മനസ്സ് നിറയെ.

അമ്മയെ കാണണം. അമ്മയെ നഷ്ടപെടുവാനാവില്ല.

പ്രവാസത്തിന്‍റെ ദുഖങ്ങളും തിക്കുമുട്ടലുകളും, സാമ്പത്തിക തകര്‍ച്ചയുടെ വേദന, നഷ്ടബോധം സദാ കളിയാടുന്ന ഒരു പ്രേമബന്ധം, വര്‍ഷങ്ങളായി വീടും, വീട്ടുകാരും കൈയ്യകലത്തില്‍ നിന്നും ദൂരത്തിലെക്ക് പോയതിന്‍റെ നിശബ്ദ സങ്കടങ്ങള്‍, കടമകള്‍ സ്വയം മറന്ന മനസ്സിന്‍റെ അഹമ്മതി, മനോവിഷമങ്ങളെ കപടമായ പ്രസന്നത കൊണ്ട് മറയ്ക്കാന്‍ നടത്തുന്ന പരിശ്രമങ്ങളുടെ പരാജയങ്ങള്‍ ഇവയെല്ലാം മനസ്സില്‍ നടത്തുന്ന പിടിവലികളില്‍ മുറിഞ്ഞു വേദനിക്കുന്ന മനസ്സുമായി ഞാന്‍ ഉറങ്ങുവാന്‍ കിടന്നു.

നാടിന്‍റെയും വീടിന്‍റെയും സ്വപ്നങ്ങളുമായി........
*********************************************************************************

10 comments:

 1. പ്രവാസത്തിന്റെ ആകുലതകള്‍ അത്ര പെട്ടെന്ന് മറക്കാന്‍ ആര്‍ക്കും ആവില്ല,അമ്മയെന്ന വക്കിനുമാപ്പുറം ലോകത്തില്‍ മറ്റൊന്നില്ല താനും, ജോയുടെ വാക്കുകളില്‍ വേദനയും, ആകുലതയും നിസ്സഹായ അവസ്ഥയും വായിച്ചെടുക്കാന്‍ ആവുനുണ്ട് , വീണ്ടും എഴുതുക, വികാരങ്ങള്‍ അക്ഷരങ്ങള്‍ ആക്കൂ , നന്നായി എഴുതി, എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 2. ഈയാം പാറ്റകള്‍ വിളക്കിനു ചുറ്റും കൊഴിഞ്ഞു വീഴുന്ന എന്‍റെ വീടിനു മുന്നില്‍ എന്നെ കാത്തിരിക്കുന്ന അമ്മയായിരുന്നു മനസ്സ് നിറയെ.

  അതെ അമ്മയെ കാണണം. എനിക്കും പോകണം നാട്ടിലേക്കു.

  ReplyDelete
 3. സുഹൃത്തിന്റെ അമ്മയെ
  സ്വന്തം അമ്മയായി
  ചേര്‍ത്ത് നിര്‍ത്തിയ
  ആ അവതരണ ശൈലി
  വളരെ നന്നായി,
  എഴുതുക വീണ്ടും
  അറിയിക്കുക

  ReplyDelete
 4. കുഴപ്പമില്ല.. നന്നായിട്ടുണ്ട്
  ഇടയില്‍ അക്ഷര തെറ്റുകള്‍ കണ്ടു അവ തിരുത്തുക.

  ReplyDelete
  Replies
  1. തിരുത്താം ഭായ്... :-)

   Delete