Sunday, July 17, 2011

കളികൂട്ടുക്കാരി

നാട്ടു വഴിയോരത്തെ ആ ഇടനാഴികളില്‍ നമ്മള്‍ കണ്ണില്‍ നോക്കി കഥ പറഞ്ഞ കാലം... 

ചക്രവാളത്തിലെ വെള്ളികിണ്ണം ഭൂമിയില്‍ പൂ നിലാവ് പൊഴിക്കുമ്പോള്‍...
കാറ്റിന്‍റെ മര്‍മ്മരം കാതുകളില്‍ തേന്‍മഴയായ്‌ കുറുകുമ്പോള്‍..

കാലം മായ്ച്ചുകളയാത്ത നിന്‍റെ കുപ്പിവള പൊട്ടുകള്‍ എന്‍റെ കയ്യില്‍ ഏല്‍പ്പിച്ച മുറിപ്പാടുകളില്‍ 
നിന്‍റെ കണ്ണുനീരിന്‍റെ നനവ്......
കല്‍വിളക്കില്‍ തിരി തെളിക്കുന്ന നിന്‍റെ മുടിയിണകളിലെ കാച്ചെണ്ണയുടെ സുഗന്ധം...
ആദ്യമായി നീ ദാവണി ചുറ്റി എന്‍റെ മുന്നില്‍ നമ്രമുഖിയായി നിന്ന ആ പുലര്‍കാലം......

എന്നോട് കെറുവിച്ച്, ദേഷ്യത്താല്‍ ചുവന്നു തുടുത്ത, വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞ നെറ്റിതടവുമായി.. എന്നെ നോക്കി കൊഞ്ഞനം കുത്തി അമ്മയുടെ പുറകെ ഓടുന്ന എന്‍റെ ബാല്യകാല സഖീ.....
എന്‍റെ വീട് പടിവാതില്‍ കടന്നു നീ എന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിക്കുന്നതും, ഞാന്‍ നിന്നെ തന്നെയാണ്, നിന്‍റെ ചിരിക്ക് വേണ്ടി ആണ് കാത്തിരിക്കുന്നതെന്ന് മനസിലാകുമ്പോള്‍ വിടര്‍ന്ന കണ്ണുകളാല്‍ മുഖം പൊത്തി ചിരിക്കുന്ന കുസൃതിക്കാരി.....

ഒടുവില്‍ നിന്നെപ്പിരിഞ്ഞു, വീട് വിട്ടു ദൂര ദേശത്തേക്ക് പോകും വേളയില്‍ ആരും കാണാതെ നിറഞ്ഞ കണ്ണുകളുമായി എനിക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്ന നിന്‍റെ മുഖം.....
ഓര്‍മകളുടെ താരാട്ട് തൊട്ടിലില്‍ മാനം നോക്കി കിടന്നു നിന്നെകുറിച്ച്... നമ്മളെ കുറിച്ച്...
നമ്മള്‍ കണ്ട സ്വപ്നങ്ങളെക്കുറിച്ച് ഓര്‍മ്മകള്‍ സമ്മാനിച്ച എന്‍റെ കയ്യില്‍ നീ ഒരിക്കല്‍ നിന്റെ വളകള്‍ പൊട്ടിച്ചതിനു പൊട്ടിയ വളപോട്ടുകള്‍ കൊണ്ട എന്‍റെ കൈത്തണ്ടയില്‍ സമ്മാനമായി തന്ന ആ മുറിവില്‍ തലോടുമ്പോള്‍ നീ എന്‍റെ ഹൃദയത്തില്‍ ഇരുന്നു എന്നെ നോക്കി കൊഞ്ഞനം കുത്തി ചിരിക്കുന്നുവോ പ്രിയേ...?

No comments:

Post a Comment